പാലക്കുന്ന് ശ്രീ ധർമ്മ ശാസ്താ ടെമ്പിൾ ചാരിറ്റബിൾ ട്രസ്റ്റ്
Regn. No. 33/IV/09
(FCRA) - 052870375
Temple History

പാലക്കുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്ര നട

ഐതിഹ്യം

കലിയുഗവരദനായ ശബരിമല ശ്രീ അയ്യപ്പന്റെ പാദസ്പർശം കൊണ്ട് പരിപാവനമായ പുണ്യഭൂമിയിലാണ് പാലക്കുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിഴക്കൻ കേരളത്തിലെ പ്രധാന ക്ഷേത്രമായ ഇവിടം ഇന്ന് ശബരിമല ഭക്തരുടെ ഇടത്താവളമാണ്. മംഗള മൂർത്തിയാണ് ഇവിടുത്തെ ശ്രീഭൂത നാഥൻ. സേവിപ്പവർക്ക് ആനന്ദമൂർത്തിയും അഭയ വരദായകനുമാണ്. സകല ചരാചരങ്ങൾക്കും ഉള്ളിലുള്ള ശക്തിയാണ് ശ്രീധർമ്മശാസ്താവ്. ധർമ്മത്തെ അനുശാസിക്കുന്നവനാണ് ശ്രീധർമ്മശാസ്താവ്.

നൂറ്റാണ്ടുകൾക്ക് മുൻപ് രാജവാഴ്ചക്കാലത്ത് തകർന്ന് നാമാവശേഷമായ ഈ ക്ഷേത്രം കൂട്ടിക്കൽ വേലനിലം മൂന്നാം മൈൽ കടുപ്പറമ്പിൽ എന്ന സ്ഥലത്താണ് നിലനിന്നിരുന്നത്. ഇവിടെയാണ് ഇന്ന് കാണുന്ന ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് പഴമക്കാർ പറയുന്നു. അന്ന് നിത്യ പൂജയും 12 ഏക്കർ സ്ഥലവും ഉണ്ടായിരുന്ന ഒരു മഹാക്ഷേത്രം ആയിരുന്നു ഇത്. തുടർന്ന് കാലങ്ങൾക്ക് ശേഷം ഈ പ്രദേശം എസ്റ്റേറ്റ് മേഖലയായി മാറി. പാലക്കുന്ന് എന്ന സ്ഥലനാമം കുന്നിന്റെ മുകളിൽ നിന്നിരുന്ന കൂറ്റൻ പാലമരങ്ങളിൽ നിന്നാണ്.

മഹിഷി നിഗ്രഹത്തിനായി എരുമേലിയിലെത്തിയ അയ്യപ്പൻ പുല്ലക ആറിന്റെ ഉൽഭവസ്ഥാനത്തുനിന്നും മണിമലയാറുമായി ചേരുന്ന സംഗമ തീരത്ത് വിശ്രമിച്ചതായാണ് ചരിത്രം. അയ്യപ്പന്റെ ഇഷ്ടവാസസ്ഥലമായ പാലക്കുന്നിൽ ഭക്തജനങ്ങൾ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തി, പൂജാദി കർമ്മങ്ങൾ ചെയ്തു വന്നിരുന്നു. എന്നാൽ രാജ ഭരണകാലത്ത് നടന്ന പടയോട്ടത്തിൽ ക്ഷേത്രം പൂർണ്ണമായും തകർന്നു. അതോടെ നാട്ടിൽ ദുരിതങ്ങളും ഏറി വന്നു. തുടർച്ചയായ പ്രകൃതിക്ഷോഭങ്ങളും രോഗാദി ദുരിതങ്ങളും ജനജീവിതം ദുഷ്കരമാക്കി. ശ്രീ ധർമ്മശാസ്താവിന്റെ സാന്നിദ്ധ്യമുള്ള പുണ്യഭൂമിയിൽ ക്ഷേത്രം പുനർനിർമ്മിക്കണമെന്നായിരുന്നു പ്രശ്നവശാൽ തെളിഞ്ഞത്. അതിൻ പ്രകാരം ക്ഷേത്രം ഇന്ന് കാണുന്ന നിലയിൽ പുനർനിർമ്മിക്കപ്പെട്ടു.

ക്ഷേത്ര ചരിത്രം


കൊക്കയാർ ഏന്തയാർ എന്നീ ആറുകളും താളുങ്കൽ തോടും പൂച്ചക്കൽ തോടും ചേർന്ന് പുല്ലകയാർ ആയി മാറുന്നു. ഇവിടെയാണ് ഇന്ന് കാണുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാലങ്ങൾക്ക് ശേഷം 1949-ൽ എം.പി. സെയ്ദ് മുഹമ്മദ് റാവുത്തർ ഭജനമഠം തുടങ്ങാൻ 10 സെന്റ് ഭൂമി നൽകി. അവിടെ ഭജനമഠം സ്ഥാപിച്ച് അയ്യപ്പന്റെ ചിത്രം വച്ച് ആരാധിച്ചു പോരുകയും ചെയ്തു. ശാന്തി ചെയ്യുന്നതിന് ശ്രീനാരായണഗുരുവിന്റെ ശിഷ്യരിൽ പ്രധാനിയായ ഗോപാലൻ തന്ത്രിയെ നിയോഗിച്ചു. ജയ-വിജയന്മാരുടെ പിതാവിന്റെ ശിഷ്യൻ ചക്കുംകുഴി ശേഖരൻ ആയിരുന്നു ഇവിടുത്തെ പൂജാരി.

ആദ്യകാലത്ത് രാമൻകുട്ടി ആചാരി ആയിരുന്നു (കാലായിൽ) പൂജാദി കാര്യങ്ങൾ നിർവഹിച്ചു വന്നിരുന്നത്. അന്ന് ഇവിടെ 41 ദിവസത്തെ സാമ്പ്രദായിക രീതിയിലുള്ള ആഘോഷമായിരുന്നു (അയ്യപ്പൻ പാട്ട് ഭജന). ഇതിന് നേതൃത്വം നൽകിയിരുന്നത് പന്തക്കല്ലിൽ ശങ്കു ആചാരിയും, തൈയിടയിൽ വേലു ആശാനും ആയിരുന്നു.

എല്ലാ മതവിഭാഗങ്ങളുടെയും വഴിപാടായിട്ടാണ് ഭജന നടത്തിയിരുന്നത്. ഭജനമഠത്തിന്റെ ആദ്യ പ്രസിഡന്റ് ഇ ഐ നാണു റൈട്ടർ ആയിരുന്നു, പാലമൂട്ടിൽ നാരായണൻ സെക്രട്ടറിയും. 1952-ൽ ആദ്യമായി ഉത്സവ ആഘോഷം നടത്തിയത് ഈ പ്രദേശത്തെ ആദ്യത്തെ ഹൈന്ദവ ആരാധനാലയമായ പാലക്കുന്ന് ഭജനമഠം ആയിരുന്നു.

ഇ ഐ നാണു റൈട്ടർ
രാജേന്ദ്രൻ പാലക്കുന്ന് പ്രസിഡന്റും ശാന്തമ്മ രംഗസ്വാമി സെക്രട്ടറിയും ആയിരിക്കെ 2007 ൽ കൂടിയ പൊതുയോഗത്തിൽ വച്ച് ക്ഷേത്രം പുനരുദ്ധാരണത്തിന് തീരുമാനിക്കുകയും തുടർനടപടികൾ കൈക്കൊള്ളുകയും ചെയ്തു. കുറുമുള്ളൂർ ബാലൻ, പനമറ്റം സോമൻ, ശിവപ്രസാദ് എന്നിവരുടെ കാർമികത്വത്തിൽ 2007 ൽ നടന്ന ദേവപ്രശ്ന വിധിയിൽ ക്ഷേത്ര സവിധത്തിൽ അഖണ്ഡ സച്ചിദാനന്ദ സ്വരൂപമായ ധർമ്മശാസ്താവിന്റെ അനുഗ്രഹം നിലകൊള്ളുന്നതായി കാണുകയും, ഭൂതലോകത്തിന് ധർമ്മാർത്ഥ കാമമോക്ഷങ്ങളെ യഥാകാലം നൽകി അനുഗ്രഹിക്കുന്ന പ്രേമ സ്വരൂപനാണ് ഇവിടുത്തെ ദേവൻ എന്നും, മനംനൊന്ത് വിളിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ആരെയും ഇവിടുത്തെ കാരുണ്യ മൂർത്തി പരിത്യജിക്കുകയില്ലായെന്നും തെളിഞ്ഞു. ഇവിടുത്തെ ഓരോ മണൽത്തരിയിലും ഭഗവൽ ചൈതന്യം കുടികൊള്ളുന്നതായും വിശ്വസിക്കുന്നു.

2009 ൽ പി എൻ പുഷ്പാകരൻ പ്രെസിഡന്റും കെ എസ് മോഹനൻ സെക്രെട്ടറിയുമായി പാലക്കുന്ന് ശ്രീ ധർമശാസ്താ ടെമ്പിൾ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുകയും പൂഞ്ഞാർ കാർത്തികേയൻ തന്ത്രികളുടെ മുഖ്യ കാർമികത്വത്തിൽ ഷഡാധാര പ്രതിക്ഷ്ഠയോടുകൂടി ക്ഷേത്രം പുനർനിർമിക്കുകയും, ഭരണകാര്യങ്ങൾ നിർവഹിച്ച് പോരുകയും ചെയ്യുന്നു.

ദേവപ്രശ്നം


അശ്വവാഹനനായ ശബരിമല ശ്രീധർമ്മ ശാസ്താവിന്റെ ഭാവമാണ് ഇവിടെയും കുടികൊള്ളുന്നത് മഹാഗണപതി, മാളികപ്പുറം, തലപ്പാറ, ശിവൻ, വീരരക്ഷസ് (പൂഞ്ഞാർ രാജാവ്), ഗുരുനാഥൻ എന്നീ മൂർത്തികളും നാഗരാജാവ്, നാഗയക്ഷി എന്നിവയെയും ആരാധിച്ചു പോരുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നതിന്റെ തെളിവുകൾ ഇന്നും അവശേഷിക്കുന്നു. യുദ്ധകലാപങ്ങളിൽ ക്ഷേത്രവും ജനപദങ്ങളും നശിക്കുകയും പിന്നീട് ഇവിടം വനമേഖലയായി മാറുകയും ചെയ്തു. പൂർവ്വക്ഷേത്രത്തിന്റെ ബിംബാവശിഷ്ടങ്ങൾ, വലംപിരിശംഖ്, തുടങ്ങിയ ക്ഷേത്ര അവശിഷ്ടങ്ങൾ തെളിവായി നിലനിൽക്കുന്നു. കാലാന്തരത്തിൽ ഇത് ഒരു മഹാക്ഷേത്രമായി മാറും എന്ന് ദേവപ്രശ്നത്തിൽ കാണുകയും ചെയ്തു.

ഉപദേവത പ്രതിഷ്ഠകൾ


മഹാഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഗുരുനാഥൻ, മാളികപ്പുറത്തമ്മ, തലപ്പാറ, നാഗരാജാവ്, നാഗയക്ഷി, രക്ഷസ്, എന്നിവയാണ് ഉപദേവത പ്രതിഷ്ഠകൾ. ശബരിമല അടക്കം കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെന്നപോലെ ഇവിടെയും ഈശ്വര ചൈതന്യം നിറഞ്ഞുനിൽക്കുന്നു. അതുകൊണ്ടാണ് കേരളത്തിനകത്തു നിന്നും വിദേശരാജ്യങ്ങളിൽ നിന്ന് പോലും ഭഗവദ് കടാക്ഷം തേടി ഭക്തർ ഇവിടെ എത്താൻ കാരണം.

ക്ഷേത്രത്തിൽ എത്തിച്ചേരാൻ

കോട്ടയം-ഇടുക്കി ജില്ലകളുടെ സംഗമ കേന്ദ്രമാണ് ഇവിടം. മുണ്ടക്കയത്ത് നിന്ന് ഇളംകാട് പാതയിൽ 4 കിലോമീറ്ററും, വാഗമണ്ണിൽ നിന്ന് 15 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.

ക്ഷേത്രത്തിന്റെ വിലാസം

Palakkunnu Sree Dharmasastha Temple Charitable Trust
[Regn. No. 33/IV/09]
3rd Mile, Koottikkal, Kottayam,
Kerala, India – 686514
Phone Nos. +91-8078739985 / +91-9645648846 / +91-9846792429

ക്ഷേത്രത്തിന്റെ ഗൂഗിൾ ലൊക്കേഷൻ