ഭക്ത ജനങ്ങളെ,
ചരിത്ര പ്രസിദ്ധവും പുണ്യ പുരാതനവുമായ പാലക്കുന്ന് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ കൊടിമര നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുകയാണ്.
ഭാരതീയ സങ്കൽപ്പം അനുസരിച്ച് ക്ഷേത്രം ദേവൻ്റെ ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു. ഒരു ക്ഷേത്രത്തിലെത്തിയാൽ അകലെ നിന്നു തന്നെ ഭക്തനെ സ്വാഗതം ചെയ്യുന്നത് കൊടിമരം [ധ്വജം] ആയിരിക്കും. കൊടിമരത്തെ ക്ഷേത്രമാകുന്ന ശരീരത്തിൻ്റെ നട്ടെല്ലായാണ് കരുതിപ്പോരുന്നത്. കൊടിമരത്തിൻ്റെ ചുവട് ഉറപ്പിച്ചിരിക്കുന്നത് ക്ഷേത്ര ശരീരത്തിൻ്റെ അരക്കെട്ടിലാണ്. കൊടിമരത്തിന് മുകളിലായി അതാത് ക്ഷേത്രങ്ങളിലെ ദേവൻ്റെ വാഹനം ഉറപ്പിച്ചിരിക്കും. കുണ്ഡലിനീശക്തിയുടെ പ്രതീകമായി മുകളിൽ കൊടിക്കൂറയും കാണാം. ക്ഷേത്രത്തിലെ കൊടിയേറ്റിന് പിന്നിലും ഒരു രഹസ്യമുണ്ട്. കുണ്ഡലിനീ ശക്തിയാകുന്ന കൊടിക്കൂറയെ പ്രാണായാമത്തിലൂടെ ചൈതന്യശൃംഖത്തിലേക്ക് ഉയർത്തുന്നതിൻ്റെ പ്രതീകമാണ് കൊടിയേറ്റ്.
പാലക്കുന്ന് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മുക്കുളം വിജയൻ തന്ത്രികളുടെ അനുവാദ - ആശീർവാദത്തോടു കൂടി ക്ഷേത്രം സ്ഥപതി ശ്രീ. തൃക്കോതമംഗലം രാജേന്ദ്രൻ സ്ഥാനനിർണ്ണയം നടത്തുകയും അദ്ദേഹത്തിൻ്റെ കൃത്യതയാർന്ന കണക്കിലും കരവിരുതിലും ഉയരുന്ന കൊടിമര നിർമ്മാണത്തിൻ്റെ ആധാര ശിലാ സ്ഥാപനം 2025 മാർച്ച് 6 (1200 കുംഭം 22) വ്യാഴാഴ്ച രാവിലെ 8.30 നും 8.50 നും മദ്ധ്യേ നടന്നു.
32 അടി ഉയരം നിർണ്ണയിച്ചിട്ടുള്ള കൊടിമരം 22 ചെമ്പ് പറയോട് കൂടി ഉയരുമ്പോൾ ഏകദേശം 25 ലക്ഷം രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്നു. ഒരു ചെമ്പ് പറക്ക് 24000 രൂപയാണ് നിലവിൽ കണക്കാക്കുന്നത്.
ഇതുവരെ നടത്തിയ എല്ലാ പ്രവർത്തനങ്ങളിലും സഹകരിച്ച എല്ലാവർക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം ഏവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ തുടർന്നും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.
കൊടിമര നിർമ്മാണ ഫണ്ടിലേക്ക് ഉള്ള സംഭാവനകൾ ക്ഷേത്രത്തിൻ്റെ ബാങ്ക് അക്കൗണ്ടിലേക്കോ ക്ഷേത്രം ഓഫീസിൽ നേരിട്ടോ നൽകാവുന്നതാണ്.