മഞ്ഞിന്റെ വെള്ള പുതച്ച പുലരി, പ്രഭാതം പുലർന്ന് വരുന്നതേ ഉള്ളൂ.
കിഴക്ക് നദി കടന്നു സൂര്യ രശ്മികൾ പാലമരത്തിന് ഇടയിലൂടെ ശ്രീകോവിലിൽ
പതിച്ച് വെട്ടിത്തിളങ്ങുന്നു. ആയിരക്കണക്കിന് ഭക്തരുടെ നാവിൽ നിന്ന്
ശരണം വിളികൾ മുഴങ്ങുന്നു..... "സ്വാമിയേ ശരണമയ്യപ്പാ"..... എന്ന
മന്ത്ര ധ്വനികൾ മാത്രം.
ഇതാണ് ചരിത്ര പ്രസിദ്ധമായ കിഴക്കിന്റെ ശബരിമല... പാലക്കുന്ന് ശ്രീധർമ്മ
ശാസ്താവ് വാണരുളുന്ന പുണ്യ സന്നിധി. ശരണാഗത വത്സലനായ ഭഗവാനെ ഉള്ളുരുകി
പ്രാർത്ഥിച്ചാൽ നടക്കാത്ത കാര്യങ്ങളില്ല. അതാണ് ഇവിടെ ഭക്തരുടെ എണ്ണം
വർദ്ധിച്ചു വരാൻ കാരണം. കലിയുഗത്തിലുണ്ടാകുന്ന എല്ലാ അധർമ്മങ്ങളെയും
നശിപ്പിച്ച് ലോകത്തിന് നന്മയും രക്ഷയും നൽകാൻ ശ്രീധർമ്മശാസ്താവിന്
കഴിയുന്നു. ഭക്തിയോടെ ഭജിക്കുന്നവർക്ക് സകല ഐശ്വര്യങ്ങളും ലഭിക്കുന്നു.
ഈശ്വരനെ ദർശിക്കാൻ പോകുന്ന ഭക്തനും ഈശ്വരനും ഒന്നാകുന്ന അപൂർവ്വ
സങ്കേതമാണിത്.